കൊച്ചി: 37-ാമത് കെസിബിസി അഖില കേരള പ്രഫഷണൽ നാടകമേളയിൽ മികച്ച നാടകമായി തിരുവനന്തപുരം മലയാള നാടകവേദിയുടെ ‘ഒരു സുന്ദര ദിവസം’ തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച നടനായി ആർ.എസ്. അയ്യരും നടിയായി ഇന്ദുശ്രീയും (ഇരുവരുടെയും നാടകം ‘ഭൂട്ടാനി’- തിരുവനന്തപുരം സംസ്കൃതി) തെരഞ്ഞെടുക്കപ്പെട്ടു.
മറ്റു പുരസ്കാരങ്ങൾ: മികച്ച രണ്ടാമത്തെ നാടകം-തിരുവനന്തപുരം സംസ്കൃതിയുടെ ‘ഭൂട്ടാനി’. മികച്ച രചന- ശ്രീകുമാർ മാരാത്ത് നേടി (ഒരു സുന്ദര ദിവസം). മികച്ച സംവിധാനം-സന്ധ്യ രാജേന്ദ്രൻ (‘ഇപ്പോൾ അല്ലെങ്കിൽ എപ്പോൾ’- കാളിദാസ കലാകേന്ദ്രം). ജൂറിയുടെ പ്രത്യേക പരാമർശങ്ങൾ: നടൻ - വിനോദ് കുണ്ടുകാട്, നാടകം - ‘ഇപ്പോൾ അല്ലെങ്കിൽ എപ്പോൾ’, (കാളിദാസ കലാകേന്ദ്രം), ‘ശ്വാസം’ (കോഴിക്കോട് സങ്കീർത്തന).
സമാപന സമ്മേളനം മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്തു. കെസിബിസി മീഡിയ കമ്മീഷൻ വൈസ് ചെയർമാൻ ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ അധ്യക്ഷത വഹിച്ചു.
സിനിമ സംവിധായകൻ ഷെയ്സൺ പി. ഔസേപ്പ് മുഖ്യാതിഥിയായി, പിഒസി ഡയറക്ടർ ഫാ. തോമസ് തറയിൽ, ടി.ജെ. വിനോദ് എംഎൽഎ, മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. സെബാസ്റ്റ്യൻ മിൽട്ടൺ, ജൂറി അംഗം ഡോ. ചന്ദ്രദാസ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് സെന്റ് ജോസഫ്സ് കമ്യൂണിക്കേഷൻസിന്റെ നീതിയുടെ കാവൽക്കാരൻ എന്ന നാടകവും ഉണ്ടായിരുന്നു.